മുംബൈ: പൂനയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.
പ്രീതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭര്‍ത്താവ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മകള്‍ക്കു ക്രൂരമര്‍ദനമേറ്റിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രീതിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് മുന്‍പ് നേരിട്ട ശാരീരിക മര്‍ദനങ്ങളും പരിശോധിക്കും.
യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റമാണ് ചുമത്തിയത്.