ലഖ്നൗ:ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്നാനം ചെയ്തുവെന്നും ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കൊവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കൊവിഡ് ടെസ്റ്റിംഗ് സെല്‍ ബിബിസിയോട് പ്രതികരിച്ചത്. തിങ്കളാഴ്ച 184 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഒന്‍പത് മുഖ്യ മതനേതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചതായി കുംഭമേളയുടെ ഹെല്‍ത്ത് ഓഫീസറായ ഡോ അര്‍ജുന്‍ സെന്‍ഗാര്‍ ബിബിസിയോട് വിശദമാക്കി. 14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി,ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കൊവിഡ് പോസിറ്റീവായി.
അഖിലേഷ് യാദവ് ഞായറാഴ്ച ഹരിദ്വാര്‍ സന്ദര്‍ശിച്ച് ഇവിടുത്തെ പ്രധാന പൂജാരിമാരെ സന്ദര്‍ശിച്ചിരുന്നു. നരേന്ദ്ര ഗിരിയേയും അഖിലേഷ് യാദവ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് കുഭമേളയ്ക്ക് എത്തിയിരുന്നില്ല. കുംഭമേള നടത്തരുതെന്ന് നേരത്തെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
#WATCH | Sadhus of Niranjani Akhara participate in third 'shahi snan' at Har ki Pauri ghat in Uttarakhand's Haridwar #MahaKumbh pic.twitter.com/HAZmGgdiq7
— ANI (@ANI) April 14, 2021
ഗംഗാ മാതാവിന്‍റെ അനുഗ്രഹത്താല്‍ കൊവിഡ് ഉണ്ടാവില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം എഎന്‍ഐയോട് പ്രതികരിച്ചത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കുംഭമേളയിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു നേരത്തെ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ അധികൃതര്‍ പെടാപ്പാട് പെടുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.