ന്യൂയോർക്ക്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവാഹ മോചന നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്സ് നിഷേധ സമരവുമായി സ്ത്രീകള്‍. വിവാഹ മോചനത്തിന് ഭർത്താവിന്‍റെ രേഖാമൂലമുള്ള അനുമതി വേണമെന്ന ജൂത നിയമത്തിനെതിരെയാണ് സമരം. ന്യൂയോർക്കിലെ കിരിയാസ് ജോയലിലെ ഹസിദിക് വിഭാഗത്തിലെ സ്ത്രീകളാണ് ഭർത്താക്കന്മാർക്ക് ലൈംഗികത നിഷേധിച്ച് സെക്സ് സ്ട്രൈക്ക് നടത്തുന്നത്.
എണ്ണൂറോളം സ്ത്രീകളാണ് സമരവുമായി രംഗത്തെത്തിയത്. വിവാഹമോചനത്തിന് ഭർത്താവിന്‍റെ അനുമതി വേണമെന്ന നിലവിലെ വ്യവസ്ഥ കാരണം സന്തോഷമില്ലാതെ ദാമ്പത്യ ജീവിതം തുടരേണ്ടി വരുന്നുവെന്ന് സ്ത്രീകള്‍ പറയുന്നു. ലൈംഗിക ബന്ധം നിഷേധിച്ച് ഭർത്താക്കന്മാരെ സമ്മർദത്തിലാക്കി നിയമ പരിഷ്കരണത്തിലേക്ക് വഴിതുറക്കുകയാണ് ലക്ഷ്യമെന്ന് സ്ത്രീകള്‍ വ്യക്തമാക്കി.
ഭാര്യ ആവശ്യപ്പെട്ടാലും ഭർത്താവ് അനുമതി നൽകിയില്ലെങ്കിൽ സ്ത്രീ ആ വിവാഹ ബന്ധം തുടരണമെന്നാണ് നിലവിലെ അവസ്ഥ. ഗാർഹിക പീഡനത്തെ കുറിച്ച് പൊലീസിൽ പരാതി നൽകണമെങ്കിലാകട്ടെ കിരിയാസ് ജോയലിലിൽ സ്ത്രീകള്‍ക്ക് റബ്ബിമാരുടെ (മതപുരോഹിതരുടെ) അനുമതി വേണം. ഇങ്ങനെ ചങ്ങലയിൽ ബന്ധിച്ച നിലയിൽ തുടരാനാവില്ലെന്ന് പറഞ്ഞാണ് സ്ത്രീകൾ സമരത്തിനിറങ്ങിയത്.
29 വയസ്സുള്ള മാൽക്കി ബെർകോവിറ്റ്‌സാണ് പ്രതിഷേധത്തിന്‍റെ മുഖം. 2020 മുതൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ മാൽക്കിക്ക് ഇതുവരെ വിവാഹമോചനം ലഭിച്ചിട്ടില്ല. ഭർത്താവ് വോൾവിയിൽ നിന്ന് വിവാഹ മോചനം ലഭിക്കാത്തതിനാൽ പുനർവിവാഹം ചെയ്യാൻ കഴിയില്ല. വിവാഹ മോചന നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നാണ് സമരം ചെയ്യുന്ന സ്ത്രീകളുടെ ആവശ്യം. അദീന സാഷ് ആണ് സമര നേതാവ്.
തീവ്ര യാഥാസ്ഥിതിക ജൂത സമൂഹത്തിൽ ഈ സമരം വിവാദമായി മാറിയിരിക്കുകയാണ്. ഈ സമരം ജൂത നിയമത്തിന്‍റെ ലംഘനമാണെന്ന് റബ്ബിമാർ വിമർശിച്ചു. ഇത് വിവാഹമെന്ന സ്ഥാപനത്തെ തകർക്കുമെന്നാണ് വാദം. സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ചീമുട്ടയേറുണ്ടായി. ഈ സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലും അധിക്ഷേപം നേരിടുന്നുണ്ട്.