തിരുവനന്തപുരം: കൊവിഡ് മൂലം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ രജിസ്ട്രാറുമാര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകള്‍ ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ച്, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകള്‍ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സര്‍വകലാശാലകള്‍ക്കുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം കോളജുകള്‍ ചെയ്യണമെന്നും അക്കാര്യം സര്‍വകലാശാലകള്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ സ്വീകരിച്ച നടപടികള്‍ ജൂലൈ 12 നകം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.