KeralaNews

തീവണ്ടിയിൽ അഭയംതേടി യുവതിയും മക്കളും; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം : സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസേടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കൊല്ലം കളക്ടറും ജില്ലാപോലീസ് മേധാവിയും വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന മഞ്ജുവിന്‍റെയും മക്കളുടെയും ദുരിതത്തിലാണ് കമ്മീഷൻ ഇടപെട്ടത്. മഞ്ജുവിന് സുനാമി ഫ്ലാറ്റിൽ താമസസൗകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹ്യവിരുദ്ധർ വാതിലിൽ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഇവരെ ഉപദ്രവിക്കാൻ തുടങ്ങിയത്. തുടർന്നാണ് യുവതിയും കുട്ടികളും തീവണ്ടിയിൽ അഭയം തേടിയത്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. സംഭവത്തിൽ വനിതാ കമ്മീഷൻ തെളിവെടുപ്പ് നടത്തി. കുടുംബത്തിന് താൽക്കാലിക താമസ സൗകര്യവുമൊരുക്കാനും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button