കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. പവന്റെ വിലയില്‍ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. 4210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്.
രാജ്യാന്തര വിപണിയില്‍ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ട്രോയ് ഔണ്‍സിന് 1,715.55 ഡോളറായി ആണ് വില ഇടിഞ്ഞത്.
ഫെബ്രുവരി 27,28 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,160 രൂപയാണ് വില. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില.
ഫെബ്രുവരി ഒന്നിന് രാവിലെ പവന് 36,800 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി ആഭ്യന്തര വിപണിയില്‍ പെട്ടെന്ന് വില കുറയാന്‍ കാരണമായി. അന്ന് തന്നെ പവന് 400 രൂപ കുറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതുമാണ് പിന്നീട് വില ഇടിവിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.