കൊച്ചി: നാല് ദിവസമായി അനക്കമറ്റ് നിന്ന സ്വര്‍ണവില ഇന്ന് കുത്തനെ വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. എന്നാല്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് നിരാശാ ദിനവും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 1120 രൂപയുടെ വര്‍ധനവാണ് ഇന്നുള്ളത്.
ഡോളര്‍ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വര്‍ണത്തിന് തിരിച്ചടി നല്‍കുന്നത്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത. ഒരു പവന്‍ സ്വര്‍ണത്തിന് 48000 രൂപ വരെ എത്തുമെന്ന പ്രവചനം യാഥാര്‍ഥ്യമാകുമോ എന്ന സംശയമാണ് ഉയരുന്നത്. വില പിടിവിട്ട് ഉയരുന്നതിനാല്‍ സ്വര്‍ണ വിപണി തളരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ സംശയം പ്രകടിപ്പിക്കുന്നു.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45480 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 240 രൂപ വര്‍ധിച്ചു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5685 രൂപയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്നത്തെ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ ആഭരണം ലഭിക്കണമെങ്കില്‍ 49000 രൂപ വരെ നല്‍കേണ്ടി വരും.
സ്വര്‍ണവില, പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണ് ഒരു പവന്‍ ആഭരണത്തിന് 49000 രൂപയിലെത്തുക. പണിക്കൂലി വിവിധ ജ്വല്ലറികളില്‍ വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ വിലപേശാന്‍ ഉപഭോക്താവിന് സാധിക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു.
എന്താണ് സ്വര്‍ണവില കൂടാന്‍ കാരണമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇനിയും വില കൂടുമോ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. ഒരു പ്രത്യേക ഘടകം ചൂണ്ടിക്കാട്ടി, ഇതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം എന്ന് പറയാന്‍ വയ്യ. കാരണം ആഗോളതലത്തില്‍ ഇടപാട് നടക്കുന്ന ലോഹമാണ് സ്വര്‍ണം. ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് സ്വര്‍ണവില നിശ്ചയിക്കുക.
സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനപ്പെട്ടത് അമേരിക്കന്‍ ഡോളറിന്റെ മൂല്യമാണ്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടും. നിലവില്‍ ഡോളര്‍ ഇന്‍ഡക്‌സ് തകര്‍ന്നടിയുകയാണ്. നേരത്തെ 107ലുണ്ടായിരുന്ന ഇന്‍ഡക്‌സ് ഇപ്പോള്‍ 103ലാണുള്ളത്. ഇതോടെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റുന്ന സാഹചര്യവുമാണുള്ളത്. കൂടുതല്‍ ആവശ്യം വരുന്നതോടെ സ്വര്‍ണവില കുതിക്കും.
ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിയുകയാണ്. ഡോളറിനെതിരെ 83.36 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.89 ഡോളര്‍ എന്ന നിരക്കിലാണ്. ഡല്‍ഹിയില്‍ സ്വര്‍ണവില ഒരു പവന് 45600 രൂപയാണ്. ഗ്രാമിന് 5700 രൂപയും. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഡല്‍ഹിയില്‍ വര്‍ധിച്ചിരിക്കുന്നത്.