CrimeKeralaNews

കരിപ്പൂരിൽ വൻ സ്വർണ വേട്ട,യുവതിയിൽ നിന്ന് മാത്രം പിടികൂടിയത്‌ ഒരു കിലോയിലധികം സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. യുവതിയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി കക്കുഴിയിൽ പുരയിൽ ഷംന, കണ്ണമംഗലം സ്വദേശി തയ്യിൽ സൈനുൽ ആബിദ്, വൈത്തിരി സ്വദേശി റിയാസ്, കർണാടക സ്വദേശി അബ്ദുൽ ഷഹദ് എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ പരിശോധനയിലാണ് 2.3 കിലോഗ്രാം സ്വർണം പിടികൂടിയത്. ദുബായിൽ നിന്നാണ് ഷംന എത്തിയത്. യുവതിയിൽ നിന്ന് മാത്രം ഒരു കിലോ 160 ഗ്രാം സ്വർണമാണ് പിടികൂടിയത്.

നാല് ക്യാപ്സൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ചാണ് യുവതി സ്വർണം കടത്തിയത്. ദുബായിൽ നിന്ന് തന്നെയാണ് റിയാസും എത്തിയത്.അടിവസ്ത്രത്തിന്റെയും ജീൻസിന്റെയും ഇലാസ്റ്റിക്കിൽ ഒളിപ്പിച്ച നിലയിൽ 331 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

കറിക്കത്തിയുടെ രൂപത്തിലാ‌ണ്‌ അബ്ദുൾ ഷഹദ് സ്വർണം കടത്തിയത്. 579 ഗ്രാമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. സൈനുൽ അബിദിൽ നിന്ന് 282 ഗ്രാം സ്വർണമാണ് പിടികൂടിയത്.

അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 81 ലക്ഷത്തിലേറെ രൂപ വില വരുന്ന 1.5 കിലോയോളം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി കാജാ ഹുസൈൻ കസ്റ്റംസിന്റെ പിടിയിലായി.

ഇന്നലെ ഉച്ചയോടെ ഒമാൻ എയർവേയ്സിൽ മസ്കറ്റിൽനിന്നാണ് പ്രതി കൊച്ചിയിലെത്തിയത്. ബാഗേജിനകത്ത് റീചാർജബിൾ ലൈറ്റിന്റെ ബാറ്ററിയെന്ന വ്യാജേനയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ദീർഘചതുരാകൃതിയിലുള്ള 15 സ്വർണപ്ളേറ്റുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button