കണ്ണൂർ:കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. നെതർലാന്റിൽ നിന്നും ഓൺലൈനായി വരുത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകൾ എക്‌സൈസ് പിടികൂടി. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മയക്കുമരുന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനീഷ് എം എസും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ പാഴ്‌സൽ വന്ന വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗിനെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ് കോയിൻ കൈമാറ്റം വഴിയാണ് എൽഎസ്ഡി ഓർഡർ ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗിന്റെ പേരിൽ മുൻപും കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
ലഹരി വസ്തുക്കളിൽ ഏറ്റവും മാരകമായ ഇനങ്ങളിൽപ്പെട്ട ഒന്നാണ് എൽഎസ്ഡി. പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയ 70 എൽഎസ്ഡി സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വില മതിക്കും. പ്രിവന്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ എം, ശജേഷ് സി കെ, വിഷ്ണു എൻ സി, എക്‌സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് എടുത്തത്.
ദോഹയില്‍നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി നിഷാദാണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 570 ഗ്രാം സ്വർണം പിടികൂടി. സ്വർണം മിശ്രിത രൂപത്തില്‍ പാക്ക് ചെയ്ത് രണ്ടു ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ശനിയാഴ്ച രാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നിഷാദ് കരിപ്പൂരിലെത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം നിഷാദ് പുറത്തിറങ്ങിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വർണം എവിടെയാണെന്ന് പറയാൻ യുവാവ് തയ്യാറായില്ല.
തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് നിഷാദിന്റെ വയറ്റിൽ രണ്ട് ക്യാപ്സൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.