അത് ലീക്കല്ല, റിലീസെന്ന് പിഷാരടി; മോഹന്‍ലാലും ഇനി ഇടപെടില്ല, ‘അമ്മ’യിൽ കടുത്ത പ്രതിസന്ധി

കൊച്ചി: മലയാള സിനിമയിലെ പ്രബല താരസംഘടനയായ 'അമ്മ' (അങങഅ) മുന്‍പെങ്ങുമില്ലാത്തവിധം കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക്. കലുഷിതമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടി എം.എല്‍.എ രാജിവെച്ചതോടെ സംഘടന വീണ്ടും അനാഥത്വത്തിലേക്ക് നീങ്ങുകയാണ്. ഭാരവാഹികളുടെ കൂട്ടരാജിയും വാക്‌പോരുകളും ഒടുവില്‍ കോടതി വ്യവഹാരങ്ങളിലേക്കും എത്തിയതോടെ സംഘടന പൂര്‍ണ്ണമായും വഴിമുട്ടി.

സംഘടനയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ഇനി താനില്ലെന്ന കര്‍ശന നിലപാടിലാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. സംഘടനയ്ക്കുള്ളിലെ വിട്ടുവീഴ്ചയില്ലാത്ത വിഭാഗീയതയും ചതുരംഗക്കളികളും മോഹന്‍ലാലിനെ കടുത്ത നിരാശനാക്കിയിട്ടുണ്ട്. അമ്മയുടെ നന്മയ്ക്കായി താന്‍ എടുത്ത ശ്രമങ്ങളെല്ലാം ചിലര്‍ സ്വന്തം താല്പര്യങ്ങള്‍ക്കായി അട്ടിമറിച്ചെന്ന വികാരമാണ് അദ്ദേഹത്തിനുള്ളത്. ഇനിയൊരു കാര്യത്തിലും ഇടപെടാനോ മധ്യസ്ഥതയ്‌ക്കോ താനില്ലെന്ന് അദ്ദേഹം അടുത്ത വൃത്തങ്ങളെ അറിയിച്ചതായാണ് സൂചന. മോഹന്‍ലാല്‍ കൂടി കൈയൊഴിയുന്നതോടെ 'അമ്മ'യുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അണികള്‍.

അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്. സംഘടനയെ കോടതി കയറ്റാന്‍ തനിക്ക് താല്പര്യമില്ലെന്നും ധാര്‍മ്മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാജിയേക്കാള്‍ തന്നെ വേദനിപ്പിച്ചത് അടുത്ത സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ടായ വിശ്വാസവഞ്ചനയാണെന്ന് പിഷാരടി തുറന്നടിച്ചു.

'പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വേണ്ടി ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, അന്‍സിബ എന്നിവരുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ആ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അത് അബദ്ധത്തില്‍ ലീക്കായതല്ല, കൃത്യമായ ലക്ഷ്യത്തോടെ റിലീസ് ചെയ്തതാണ്. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളില്‍ നിന്നാണ് ഇതഅഹശഴിലറഠലഃ േപുറത്തുപോയത്. അതില്‍ വ്യക്തിപരമായി വലിയ വേദനയുണ്ട്,' പിഷാരടി പറഞ്ഞു.

ജനറല്‍ ബോഡി യോഗത്തില്‍ നാടകീയമായി എല്ലാവരും രാജിവെയ്ക്കുകയും ശ്വേത മേനോന്‍ പ്രാഥമിക അംഗത്വം പോലും രാജിവെച്ച് ഇറങ്ങിപ്പോവുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടനയെ സഹായിക്കാന്‍ താന്‍ അഡ്ഹോക് കമ്മിറ്റിയിലേക്ക് വന്നതെന്ന് പിഷാരടി ഓര്‍മ്മിപ്പിച്ചു. പ്രാഥമിക അംഗത്വം രാജിവെച്ച ഒരാള്‍ക്ക് എങ്ങനെയാണ് പ്രസിഡന്റാണെന്ന് പറഞ്ഞ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദ്യംയുന്നയിച്ചു. നിയമപോരാട്ടത്തിന് താല്പര്യമില്ലാത്തതിനാലാണ് താന്‍ മാറിനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ സംഘടനയിലെ തമ്മിലടിയും പാരവെപ്പും തെരുവിലേക്ക് നീണ്ടതോടെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലും സംഘടനയുടെ പവിത്രത നഷ്ടമായിക്കഴിഞ്ഞു. കാരുണ്യപ്രവര്‍ത്തനങ്ങളും വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോയ ഒരു സംഘടനയാണ് വ്യക്തിവൈരാഗ്യങ്ങളുടെ പേരില്‍ ഇന്ന് കോടതിപ്പടവുകളില്‍ എത്തിനില്‍ക്കുന്നത്.

തൂണ്‍ ഒടിഞ്ഞ വീടുപോലെയായി മാറിയ 'അമ്മ'യെ ഇനി ആര് നന്നാക്കും, ആര് നയിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സിനിമാലോകത്തെ വന്‍വൃക്ഷങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഒഴിഞ്ഞുമാറുമ്പോള്‍, 'അമ്മ'യെന്ന തണല്‍മരം പൂര്‍ണ്ണമായും ഉണങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് സിനിമയെ സ്‌നേഹിക്കുന്നവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News