തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍വന്ന സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നു വൈകിട്ടോടെ നിലവില്‍ വരും.
കേരള പോലീസിന്റെ വെബ്‌സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും.
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് പാസ് വേണ്ട, തിരിച്ചറിയല്‍ രേഖ മതി.
അടിയന്തര യാത്രകള്‍ക്ക് ഇന്ന് സാക്ഷ്യപത്രം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആശുപത്രി രേഖകള്‍ കൈയില്‍ കരുതണം. ജില്ല വിട്ടുപോകാന്‍ സത്യപ്രസ്താവന നല്‍കണമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. രാവിലെ ആറു മുതല്‍ വൈകുന്നേരം 7.30വരെയാണ് കടകള്‍ തുറക്കാന്‍ അനുമതി. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രമായിരിക്കും നല്‍കുക.