മുംബൈ: ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് സോപ്പും കല്ലും ഒക്കെ കിട്ടിയ കുറേ പേരുണ്ട്. എന്നാല്‍ അതിനു വിപരീതമായൊരു വാര്‍ത്തയാണ് പുറത്തു വന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍ നിന്ന് കോള്‍ഗേറ്റ് മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് 13,000 രൂപ വിലമതിക്കുന്ന റെഡ്മി നോട്ട് 10 ഫോണ്‍ ആണ് ലഭിച്ചിരിക്കുന്നത്. ലോകേഷ് ദാഗ എന്നയാള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
ലോകേഷ് ട്വിറ്ററില്‍ സംഭവം പങ്കുവെക്കുകയും ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു. 459 രൂപയ്ക്ക് നാല് കോള്‍ഗേറ്റ് മൗത്ത് വാഷ് കുപ്പികള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ 13,000 രൂപ വിലയുള്ള റെഡ്മി നോട്ട് 10 ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട്ഫോണിന്റെ ഓര്‍ഡര്‍ വിശദാംശങ്ങളും ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ലോകേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
”ഹലോ @amazonIN ORDER #406-9391383-4717957 വഴി ഒരു കോള്‍ഗേറ്റ് മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തു, അതിനുപകരം ഒരു @RedmiIndia note 10 ലഭിച്ചു. തനിക്ക് ആപ് വഴി റിട്ടേണ്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും അയാള്‍ കുറിച്ചു. മറ്റൊരു ട്വീറ്റില്‍, പാക്കേജ് അണ്‍ബോക്‌സ് ചെയ്തപ്പോള്‍, തെലങ്കാനയില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന ഒരു ഇന്‍വോയ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നും ലോകേഷ് കുറിച്ചു. ”എന്നിരുന്നാലും പാക്കേജ് തുറക്കുമ്പോള്‍ പാക്കേജിംഗ് ലേബല്‍ എന്റേതാണ്. പക്ഷേ ഇന്‍വോയ്‌സ് മറ്റൊരാളുടെതാണ്. ഉല്‍പ്പന്നം ശരിയായ വ്യക്തിക്ക് കൈമാറുന്നതിനായി ഞാന്‍ നിങ്ങള്‍ക്കും ഇമെയില്‍ ചെയ്തിട്ടുണ്ടെന്ന് ആമസോണിനെ ടാഗ് ചെയ്ത് അയാള്‍ കുറിച്ചു.
ലോകേഷിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. അടുത്തിടെ യുകെയിലും സമാനമായ സംഭവം നടന്നിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു ബാഗ് ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഐഫോണ്‍ എസ്ഇ ആണ് ലഭിച്ചത്. അതേസമയം എല്ലാവരും ഇവരെപ്പോലെ ഭാഗ്യവാന്മാരല്ല, രണ്ട് മാസം മുമ്പ്, ചൈനയിലെ ഒരു സ്ത്രീ ഒരു ഐഫോണ്‍ 12 പ്രോ മാക്സിന് ഓര്‍ഡര്‍ നല്‍കി, പകരം ലഭിച്ചത് ആപ്പിളിന്റെ രുചിയുള്ള ഒരു പാനീയമാണ്.