KeralaNews

കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഐ.എസില്‍ ചേരാന്‍ പോയത് 150 ലധികം മലയാളികള്‍; നജീബിന്റെ മരണത്തിന് പിന്നാലെ പുറത്ത് വരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളിയായ നജീബിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത് മറ്റ് ചില വിവരങ്ങള്‍ കൂടി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഐ.എസില്‍ ചേരാനായി കേരളത്തില്‍ നിന്ന് പോയത് 150 ലധികം പേരാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍, നിരവധി പേര്‍ ഐ.എസില്‍ ചേര്‍ന്നെങ്കിലും മറ്റ് ചിലര്‍ക്ക് അവിടെ എത്തിപ്പെടാന്‍ സാധിച്ചില്ല. സ്ത്രീകളടക്കമുള്ള സംഘവും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ട്. സോണിയ, നിമിഷ ഫാത്തിമ അടക്കമുള്ളവര്‍ ഇതിന് ഉദാഹരണം. കുറഞ്ഞത് 40 ഓളം പേരെ അല്‍-ഷദാദിയിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് നടത്തുന്ന ഘ്വെയ്റാന്‍, അല്‍-ഹോള്‍ തുടങ്ങിയ മറ്റ് ക്യാമ്പുകളിലും താമസിപ്പിച്ചിരിക്കുകയാണ് എന്നാണ് സൂചന. തുര്‍ക്കിയിലെയും ലിബിയയിലെയും ജയിലുകളില്‍ തടവിലാക്കപ്പെട്ടവരും ലിസ്റ്റിലുണ്ട്.

2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപ്പോള്‍, കാബൂളിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്ന, ഐ.എസില്‍ ചേര്‍ന്ന മലയാളികളെയും തുറന്നു വിട്ടിരുന്നു. ഇതോടെ, ഇവര്‍ക്ക് ഇത്യയിലേക്ക് തിരികെ വരാനാകുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് കുടുംബം ഇപ്പോഴും. എന്നാല്‍, മറ്റ് പല രാജ്യങ്ങളെ പോലെ ഇസ്ലാമിക് സ്റ്റേറ്റ് തടവുകാര്‍ക്ക് നയതന്ത്ര സഹായം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടില്ല.

അതേസമയം, മലപ്പുറം സ്വദേശിയായ നജീബ് തന്റെ 23ാം വയസ്സിലാണ് ഐഎസില്‍ ചേരാന്‍ നാടും വീടും ഉപേക്ഷിച്ച് പോയത്. തന്നെ അന്വേഷിച്ച് വരരുതെന്ന് ഉമ്മയ്ക്ക് സന്ദേശം അയച്ച ശേഷമായിരുന്നു നജീബ് നാട് വിട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, മരണം സ്ഥിരീകരിച്ച് കൊണ്ട് ഐ.എസ് പ്രസ്താവന പുറത്തു വിട്ടതോടെയാണ് നജീബ് ഐ.എസില്‍ ചേര്‍ന്നിരുന്നു എന്നതിന് സ്ഥിരീകരണമുണ്ടായത്. അതുവരെ സാധ്യതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നജീബിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും എന്നാണ് വിവരം. നജീബിനെ ‘വീരന്‍’ എന്നാണ് ഐ.എസിന്റെ മുഖപത്രമായ ‘വോയ്‌സ് ഓഫ് ഖൊറേസാന്‍’ വാഴ്ത്തുന്നത്. നജീബിനെ കുറിച്ച് വലിയൊരു ലേഖനം തന്നെയാണ് ‘വോയ്‌സ് ഓഫ് ഖൊറേസാന്‍’ പുറത്തുവിട്ടിരിക്കുന്നത്. നജീബ്, തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ ഖൊറാസാനില്‍ എത്തിയതും വിവാഹ ദിവസം മരണം കവര്‍ന്നതെങ്ങനെയെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2017 ല്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (വിഐടി) എംടെക് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് നജീബിനെ കാണാതായത്. 2017 ആ?ഗസ്റ്റ് 16 ന് നജീബ് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായിലേക്ക് പോയി. അവിടെ നിന്നും ഇയാള്‍ സിറിയ-ഇറാഖ് അതിര്‍ത്തിയിലെത്തി. പിന്നീട് ആണ് അഗ്ഫാനിലെത്തിയത്. ആധുനിക അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായ ഖൊറാസാനിലേക്ക് പോകുന്നതിന് മുമ്പ് നജീബ് കുറച്ചുനാള്‍ ദുബായില്‍ താമസിച്ചിരുന്നതായി ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വോയ്സ് ഓഫ് ഖൊറാസാനില്‍ നജീബിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്നത് വരെ അയാള്‍ ഐ.എസില്‍ ആണ് ഉള്ളതെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല എന്ന് സുരക്ഷാ ഏജന്‍സികളുടെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നാട് വിട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, നജീബ് തന്റെ ഉമ്മയ്ക്ക് ഒരു സന്ദേശം അയച്ചിരുന്നു. ‘ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തി. എന്നെ ആരും തന്നെ അന്വേഷിക്കാന്‍ ശ്രമിക്കരുത്’ എന്നായിരുന്നു ആ ടെലിഗ്രാം സന്ദേശം. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നജീബ് തന്റെ അമ്മയെ കൊണ്ട് അവരുടെ ഫോണില്‍ ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചിരുന്നു. ഇതുവഴി സന്ദേശങ്ങള്‍ അയക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നജീബിനെ കാണാനില്ലെന്ന് കാട്ടി ഉമ്മ പോലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ നജീബ്, തന്നെ അന്വേഷിക്കേണ്ടെന്ന് അറിയിച്ച് മറ്റൊരു സന്ദേശം ഉമ്മയ്ക്ക് അയച്ചു. ഇതെന്റെ അവസാന സന്ദേശമായിരിക്കും എന്നും അതില്‍ പറഞ്ഞിരുന്നു. പിന്നീട്, വീട്ടുകാര്‍ക്ക് നജീബിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

നജീബ് ഖൊറാസാനില്‍ എത്തിയത് തനിച്ചാണെന്ന് വോയ്സ് ഓഫ് ഖൊറാസാന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‘എപ്പോഴും മുഖത്ത് പുഞ്ചിരി വിടര്‍ത്തിയിരുന്ന അവന്‍ എത്തിയത് തനിച്ചാണ്, ആരുടേയും സഹായമുണ്ടായിരുന്നില്ല. അവന് വഴികാട്ടി ആയത് അല്ലാഹു ആയിരുന്നു. അല്ലാഹു തന്റെ മതത്തില്‍ നിന്ന് തിരഞ്ഞെടുത്ത ചുരുക്കം ചിലരില്‍ ഒരാളായിരുന്നു നജീബ്. തന്റെ ലൗകിക സുഖങ്ങളും ആഡംബരങ്ങളും അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ച് ഖുറാസാന്‍ പര്‍വതങ്ങളില്‍ അവന്‍ ഹിജ്‌റ ചെയ്തു. അള്ളാഹു അവനെ നേര്‍വഴിയിലാക്കി’, ലേഖനത്തില്‍ പറയുന്നു.

നജീബിന്റെ വിവാഹ ദിവസമാണ് അവന്‍ കൊല്ലപ്പെടുന്നത് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഖൊറാസാനില്‍ എത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം, നജീബിന്റെ സുഹൃത്തുക്കള്‍ അവനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ അവന്റെ സമ്മതപ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ച ദിവസമാണ് ബോംബാക്രമണം ഉണ്ടായതെന്ന് ലേഖനത്തില്‍ പറയുന്നു.

‘വിവാഹദിനത്തില്‍, അപ്രതീക്ഷിതമായി അവിശ്വാസികള്‍ ഞങ്ങളുടെ പ്രദേശത്ത് മുന്നേറാന്‍ തുടങ്ങി, ബോംബാക്രമണം ആരംഭിച്ചു. നജീബും സുഹൃത്തുക്കളും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ഭാഗമാവുകയായിരുന്നു. വിവാഹമല്ല പ്രധാനമെന്നും യുദ്ധത്തില്‍ പങ്കാളി ആകാനാണ് ആഗ്രഹമെന്നും അവന്‍ പറഞ്ഞു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും തനിക്ക് ചാവേര്‍ പോരാളി അയാള്‍ മതിയെന്നും നജീബ് ആവര്‍ത്തിച്ച് പറഞ്ഞു’, ലേഖനം പറയുന്നു. വാശി പിടിച്ച് പോയ നജീബിനെ കാത്തിരുന്നത് മരണമായിരുന്നു. ഐഎസിനെതിരായി അഫ്?ഗാന്‍ സൈനികാക്രമണത്തില്‍ നജീബ് കൊല്ലപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button