കൊല്ലം: ഇത്തിക്കരയാറ്റില്‍ മരച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്,പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുക. ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടി എങ്ങനെ കടവ് വരെ എത്തിയെന്നത് സംബന്ധിച്ചും ഷാളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍. മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവുമെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്. ദേവനന്ദയുടെ വീട്ടില്‍നിന്ന് 75മീറ്റര്‍ ദൂരമേ പടവുകളിലേക്കുള്ളൂ. ബണ്ടിലേക്ക് 200മീറ്ററും. ബണ്ടിന് 100 മീറ്റര്‍ അകലെയായാണ് വള്ളിപ്പടര്‍പ്പുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്
മകള്‍ ഒരിക്കലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ആളില്ലാത്ത വീടിന് സമീപത്തേക്കും പോയിട്ടില്ലെന്ന് അമ്മ ധന്യ പറയുന്നു. മൃതദേഹത്തിനൊപ്പം കണ്ട ഷാള്‍ ധരിച്ച് കുട്ടി ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും അവര്‍ പറയുന്നു. പൊലീസ് നായ് ഈ വീടിനടുത്തേക്ക് ഓടിയെത്തിയത് അന്വേഷിക്കും. ഒറ്റക്ക് ഇതുവരെ പുറത്തുപോകാത്ത കുട്ടി പെട്ടെന്നൊരുദിവസം ആറ് വരെയെത്തിയെന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഇത്തരം സംശയങ്ങള്‍തന്നെയാണ് പൊലീസ് പരിശോധിക്കുന്നതും.