ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഒളിയമ്പുമായി ശശി തരൂര്‍. ഓരോ തവണ തുടയ്ക്കുമ്പോഴും അസ്വസ്ഥരായാല്‍ കണ്ണാടിയെങ്ങനെ വൃത്തിയാകും എന്ന കുറിപ്പോടെയാണ് തരൂരിന്റെ വിമര്‍ശനം. തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ഒളിയമ്പ്.
“If you are irritated by every rub, how will your mirror be polished?”
— Shashi Tharoor (@ShashiTharoor) October 19, 2022
― Rumi
കേരളത്തില്‍ നിന്നുള്ള നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അനിവാര്യമെന്നായിരുന്നു മത്സരസമയത്ത് രമേശ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തരൂരിനെ പുകഴ്ത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം നിരവധി നേതാക്കള്‍ രംഗത്തുവന്നു. കോണ്‍ഗ്രസിലെ ജനാധിപത്യത്തെ കുറിച്ചായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും ഇന്നത്തെ പ്രതികരണം. ഇതിന് വഴിയൊരുക്കിയതാകട്ടെ ശശി തരൂരും. തരൂര്‍ മത്സര രംഗത്തില്ലായിരുന്നെങ്കില്‍ നേതാക്കള്‍ക്ക് ജനാധിപത്യം എന്നത് ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നോ എന്ന വിമര്‍ശനം ഇതിനോടകം നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന് ആകെ 500 വോട്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടിവോട്ടുകള്‍ നേടിയാണ് തരൂര്‍ മുന്നേറിയത്. ഒരിക്കല്‍ പോലും ജയം പ്രതീക്ഷിച്ചിട്ടില്ലാത്ത തരൂര്‍, ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതല്‍ പങ്കുവെച്ചിരുന്നു. വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ ജനാധിപത്യം പുലരട്ടെയെന്ന് ആവര്‍ത്തിച്ച തരൂരിന്റെ കണക്കുകൂട്ടല്‍ ശരിയെന്ന് തെളിയിക്കുകയായിരുന്നു കാര്യങ്ങള്‍.
ഏഴ് തവണ മന്ത്രിയായും പത്ത് തവണ നിയമസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയുടെ ഓദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന് പറയാതെ പറഞ്ഞിട്ടുണ്ട് കോണ്‍ഗ്രസ്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറി വരെയായി പ്രവര്‍ത്തിച്ച തരൂരിന്റെ സംഘടന നേതൃപാടവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താരതമ്യേന വിശ്വാസ്യത കുറവായിരുന്നു.