തൃശ്ശൂര്‍ : മണലൂര്‍ പാലാഴിയില്‍ ക്ഷേത്രത്തിലെ കോമരം സ്വഭാവദൂഷ്യമാരോപിച്ച വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തിയത് അമ്മാവന്റെ മകനാണെന്ന് ഭര്‍ത്താവും സഹോദരനും പറയുന്നു . ഇയാളുടെ താല്‍പര്യത്തിന് വഴങ്ങാത്തതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ആരോപണ വിധേയനായ നാല്പതുകാരന്‍ മറ്റൊരു യുവാവിനെ ചേര്‍ത്ത് തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുവെന്ന് യുവതി വീട്ടുകാരോടും ഭര്‍ത്താവിനോടും പലവട്ടം പരാതി പറഞ്ഞിരുന്നു.
ഭര്‍ത്താവും സഹോദരനും ഇടപെട്ട് താക്കീത് ചെയ്തിട്ടും അയാള്‍ പ്രചാരണങ്ങള്‍ തുടര്‍ന്നു. യുവതിയുടെ അമ്മാവന്റെ മകനായ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനാണ്. മുപ്പത്തി രണ്ടുകാരിയായ വീട്ടമ്മയ്‌ക്കെതിരെ ഇയാള്‍ കഥകള്‍ മെനയുകയും വോയ്‌സ് റെക്കോര്‍ഡുകള്‍ നിര്‍മിച്ച് നാട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി തൃശ്ശൂര്‍ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. അമ്മാവന്റെ മകന്റെ ശല്യം സഹിക്കാനാകാതെയാണ് യുവതി ജീവന്‍ ഒടുക്കിയതെന്നും പരാതിയില്‍ പറയുന്നു.കുടുംബ ക്ഷേത്രത്തിലെ കോമരം യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന കല്‍പന പുറപ്പെടുവിച്ചത് അമ്മാവന്റെ മകന്റെ സ്വാധീനത്താലാണെന്നാണ് ആരോപണം.|
യുവതി തെറ്റുകാരിയാണെന്നും ഭഗവതിക്ക് മുന്നില്‍ തെറ്റ് ഏറ്റു പറയണമൈന്നും കോമരം നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വിളിച്ചു പറഞ്ഞു. അമ്മാവന്റെ മകന്റെ സുഹൃത്താണ് കോമരം. ഇക്കാര്യങ്ങള്‍ അന്നു തന്നെ യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഇയാളെയും കോമരത്തെയും ഫോണില്‍ വിളിച്ച് താക്കീത് ചെയ്തു. നിലവിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കോമരത്തിന് എന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നാട്ടുകാരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍ ഇന്നലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും കോമരം തുള്ളിയ ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.