കൊച്ചി: മറൈൻ ഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത. അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്.
മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് ഇവർ ചാടിയതെന്ന് തന്നെയാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.
അബദ്ധത്തിൽ ഇവർ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ അതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. സാരി താഴേക്ക് കെട്ടിത്തൂക്കിയിട്ടാണ് ഇവർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തിൽ വീണതോ അല്ലെന്നാണ് പൊലീസ് ഉറപ്പിക്കുന്നു. പരിക്കേറ്റ സ്ത്രീക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും.
ഒരു സാരി കെട്ടിത്തൂങ്ങിക്കിടക്കുന്നത് കണ്ടെന്നും, നിലത്ത് കിടന്ന സ്ത്രീയുടെ ദേഹത്ത് നിന്ന് നല്ലവണ്ണം ചോര വരുന്നത് കണ്ടെന്നും കിടക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ല എന്നും അതേ ഫ്ലാറ്റിൽ സംഭവം നടന്ന സമയത്ത് ഉണ്ടായിരുന്ന ഒരു ദൃക്സാക്ഷി പറയുന്നു. എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.