തിരുവനന്തപുരം:വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലുകള്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ എന്നിവയ്ക്കുള്ള ഏറ്റവും വലിയ ശിക്ഷ പരിശോധനയില്‍ വൃത്തി തെളിയിക്കാനാവില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇത് പരസ്യപ്പെടുത്തും എന്നതാണ്. ഇനി സ്വകാര്യ വ്യക്തികളെയും ഇ അപമാനം കാത്തിരിയ്ക്കുന്നു.
വീടും പരിസരവും വൃത്തിയല്ലെങ്കില്‍ കടുത്ത നടപടികളെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് തീരുമാനം.
തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ രൂപവത്കരിക്കുന്ന ശുചിത്വസ്‌ക്വാഡുകളാണ് ഇത്തരം വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക. സ്‌ക്വാഡുകള്‍ ശുചിത്വമാപ്പിങ്ങിലൂടെ കണ്ടെത്തുന്ന കാടുകയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ഉടമകളോട് ആവശ്യപ്പെടും. ഉടമ സ്ഥലത്തില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം വൃത്തിയാക്കി ചെലവ് ഉടമയില്‍നിന്ന് ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ടെറസ്, സണ്‍ഷെയ്ഡ്, കക്കൂസ്-കുളിമുറികള്‍ എന്നിവിടങ്ങളില്‍ കൊതുകുനിവാരണം നടത്തണം. ഇവ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരസ്യപ്പെടുത്തുക.
ഓടകള്‍ പരിപാലിക്കാത്തതിന്റെ പ്രശ്നങ്ങള്‍, പൊട്ടിയ സെപ്റ്റിക് ടാങ്കുകള്‍, പൊതുഓടയിലേക്ക് മാലിന്യം തുറന്നുവിടുന്ന വീടുകള്‍, വൃത്തിയില്ലാത്ത വീടുകളും പരിസരവും, പോലീസ് സ്റ്റേഷനുകള്‍ക്കും വര്‍ക്ക്ഷോപ്പുകള്‍ക്കും സമീപങ്ങളിലെ പഴകിയ വാഹനങ്ങള്‍, ആക്രിക്കടകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ സ്‌ക്വാഡ് ശേഖരിക്കും. എന്തായാലു കരുതി ഇരുന്നോളൂ. സ്വന്തം വീടും പരിസരവും അല്ലേ അത് വൃത്തിയാക്കിയാല്‍ കൊള്ളാം. ഇല്ലെങ്കില്‍ ഇനി നാണക്കേടായിരിക്കും നിങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍.