തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; പായ കൊണ്ട് മൂടിയ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍; രണ്ടുജീവനക്കാരെ കാണാനില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തില്‍ ഹോട്ടലുടമയെ മരിച്ച നിലയില്‍കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഹോട്ടല്‍ ഉടമയായ ജസ്റ്റിന്‍ രാജിന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മൂടിയിട്ട നിലയില്‍ മൃതദേഹം കണ്ടത്. ഈ വീട്ടില്‍ താമസിച്ചിരുന്ന ഇയാളുടെ ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും കാണാനില്ല. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. സുഹൃത്തിന്റെ സ്‌കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിന്‍ രാജ് എത്തിയത്. ഈ സ്‌കൂട്ടറും കാണാനില്ലെന്ന് പൊലീസിന്റെ കണ്ടെത്തല്‍.

നാലു പാര്‍ട്നര്‍മാരില്‍ ഒരാളായ ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു.

ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്. സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News