കോഴിക്കോട്: വടകരയില്‍ ചായക്കടക്കാരനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ ആണ് തൂങ്ങി മരിച്ചത്. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഉച്ചവരെ കൃഷ്ണന്‍ ചായക്കട തുറന്നിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് കട നടത്തിയിരുന്നത്. രാവിലെയാണ് കടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം എല്ലാ കടകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണ നടത്തും. രണ്ടാം തീയതിയിലെ ധര്‍ണയില്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മൂന്നിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ധര്‍ണ. മറ്റ് ദിവസങ്ങളില്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ ധര്‍ണയില്‍ പങ്കെടുക്കും.
ഓഗസ്റ്റ് എട്ടു വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരപരിപാടികള്‍ നടത്തും. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒന്‍പതിന് സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. കടകള്‍ തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്താല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരം ആരംഭിക്കും.