കോട്ടയം: ജോലി നഷ്ടമായതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും വിവരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
14 വര്‍ഷമായി ഹോട്ടലിലെ സപ്ലെയറായിരുന്ന രാജുവിന് ലേക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായി. കുടുംബ വീട്ടിലെത്തി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.
”ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത് ” . മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ രാജി പറയുന്നു.
എട്ടു വര്‍ഷമായി രാജു കെഎസ് പുരം അലരിയിലാണ് താമസിക്കുന്നത്.ഭാര്യയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല.
വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം. ഇവർ ഒരു വര്‍ഷമായി തളര്‍ന്നു കിടപ്പിലാണ്. ഇന്നലെ ഉച്ചയ്ക്കാണ് രാജു വീട്ടിലെത്തിയത്. പുറത്ത് പോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടിലെ മരിച്ച നിലയില്‍ കണ്ടത്.
ഷീലയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലുമാണ് മക്കൾ.