ആദിത്യന്‍ ജയന്റെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

തൃശൂര്‍: ജീവനൊടുക്കാന്‍ ശ്രമിച്ച നടനും നടി അമ്പളി ദേവിയുടെ ഭര്‍ത്താവുമായ ആദിത്യന്‍ ജയന്റെ നില തൃപ്തികരമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് അറിയിച്ചു. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാക്കുകയാണെന്നും ഇത് ലഭിച്ച ശേഷം തുടര്‍ ചികിത്സകള്‍ തീരുമാനിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടുവിലാലിന് സമീപമാണ് കൈഞരന്പ് മുറിച്ച നിലയില്‍ ആദിത്യനെ കാറിനകത്ത് കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പിന്നീട് പോലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ആദിത്യനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈഞരന്പ് മുറിച്ചതിനു പുറമെ ഇയാള്‍ അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചിരുന്നതായി പരിശോധനയില്‍ മനസിലായി. ഞായറാഴ്ച അബോധാവസ്ഥയിലായിരുന്ന ആദിത്യന് ഇന്നു രാവിലെയാണ് ബോധം തിരിച്ചുകിട്ടിയത്. അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് ആദിത്യനെ മെഡിസിന്‍ വാര്‍ഡിലേക്ക് മാറ്റി. സുഹൃത്തുമാത്രമാണ് ആദിത്യന്റെ കൂടെയുള്ളത്. വീട്ടുകാര്‍ രാവിലെ വരെ എത്തിയിരുന്നില്ല.

നടിയും ഭാര്യയുമായ അന്പിളി ദേവിയുമായുള്ള തര്‍ക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹബന്ധം ഒഴിയണമെന്ന് തന്നോട് ആവശ്യപ്പെടുന്നതായും ആദിത്യന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അന്പിളി ദേവി ആരോപിക്കുകയും ഇതെല്ലാം ആദിത്യന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇത് ചര്‍ച്ചയായി തുടരുന്നതിനിടെയാണ് ഇപ്പോള്‍ ആദിത്യന്റെ ആത്മഹത്യാശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News