മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് 17-കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനെ പ്രണയിച്ചതും മാതാപിതാക്കള്‍ ആവശ്യപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് അങ്കിതയെ തലയ്ക്ക് പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പേ പെണ്‍കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ തിരക്കിയപ്പോള്‍ പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതോടെ പോലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
സംഭവസമയം പെണ്‍കുട്ടിയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ നാല് പെണ്മക്കളില് ഇളയകുട്ടിയാണ് കൊല്ലപ്പെട്ട അങ്കിത. മൂത്ത മൂന്നുമക്കളും വിവാഹിതരാണ്. എന്നാല്‍, അങ്കിതയും ഇതരജാതിക്കാരനായ യുവാവും തമ്മില്‍ അടുപ്പത്തിലായത് മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
ഇതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. തുടര്‍ന്ന് പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചത്. ഈ സംഭവത്തില്‍ കാമുകനെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, എതിര്‍ത്തിട്ടും മകള്‍ കാമുകനുമായി ബന്ധം തുടര്‍ന്നത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.