സുരക്ഷിതമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് സഹായിക്കുകയാണ് കോണ്ടത്തിന്റെ പ്രാഥമിക ദൗത്യം. എന്നാൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റുചില ദൗത്യങ്ങളും കോണ്ടത്തിനുണ്ട്. മഴയത്ത് യാത്ര പോകുമ്പോൾ ഫോണിൽ വെള്ളം കയറാതിരിക്കാനും കാമറയുടെ ലെൻസിൽ ഈർപ്പം കയറാതിരിക്കാനും ചില വിരുതന്മാർ കോണ്ടം ഉപയോഗിക്കാറുണ്ട്. എന്നാൽ കോണ്ടത്തിന്റെ മറ്റ് സാധ്യതകൾ മനസിലാക്കിയ ഒരു കഫെയുണ്ട് തായ്ലൻഡിൽ.
ആകെ മൊത്തം കോണ്ടം മയമാണ് തായ്ലണ്ടിലെ ‘കാബേജസ് ആൻഡ് കോണ്ടംസ്’ എന്ന കഫെയിൽ. കഫെയിലെ അലങ്കാര പണികളെല്ലാം കോണ്ടം ഉപയോഗിച്ചാണ് നടത്തിപ്പുകാർ ചെയ്തിരിക്കുന്നത്. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് വ്യത്യസ്തമായ ഈ കഫെയുടെ ആസ്ഥാനം. എവിടെ തിരിഞ്ഞു നോക്കിയാലും കോണ്ടം ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ കഫെയിൽ കാണാം.
ലൈറ്റ് ഹോൾഡറുകൾ, കോണ്ടം ഉപയോഗിച്ചു നിർമ്മിച്ച പ്രതിമകൾ, പൂവുകൾ, പോസ്റ്ററുകൾ, ചിത്രങ്ങൾ അങ്ങനെ എവിടെ കോണ്ടം ഉപയോഗിച്ചുള്ള നിർമ്മിതികളാണ് ഈ കഫെയുടെ പ്രത്യേകത. കഫെയിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളും പ്രതിമകളുമെല്ലാം കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ്.
കഫെയിലെ ഫോട്ടോ ബൂത്തിൽ കോണ്ടത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കാം. കൂടാതെ ആരോടും ചോദിക്കാതെ ഇവിടെ നിന്നും കോണ്ടം എടുക്കുകയും ചെയ്യാം. ഇപ്പോൾ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ‘കാബേജസ് ആൻഡ് കോണ്ടംസ്.’
സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഫെ ആരംഭിച്ചത്. തായ്ലണ്ടിലെ കടകളിലെല്ലാം കാബേജ് ലഭ്യമാണ്. അതുപോലെ കോണ്ടവും ലഭ്യമാക്കണമെന്ന് കഫെ അധികൃതർ പറയുന്നു. പട്ടായ, ക്രാബി, ചിയാങ് റായ് അടക്കമുള്ള സ്ഥലങ്ങളിലും കഫെക്ക് ശാഖകളുണ്ട്.