CrimeNationalNews

ലിംഗായത്ത് മഠാധിപതിയുടെ മരണത്തിനു പിന്നിൽ ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയെ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബെംഗളൂരു സ്വദേശിയായ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരിൽ പ്രതിയോഗികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വാമിയുടെ മരണത്തിനു പിന്നാലെ മുറിയിൽനിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.

സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോർഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് അശ്ലീല വിഡിയോകൾ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സ്വാമി വെളിപ്പെടുത്തിയത്.

1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button