ഭോപ്പാല്‍: മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ ഹണി ട്രാപ്പ് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി മുപ്പത്തിയൊന്‍പതുകാരിയായ ശ്വേത വിജയ് ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്.ക്ലബില്‍ എത്തുന്ന രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും പെണ്‍കുട്ടികളെ കാണിച്ചു വശീകരിച്ച് മുറിയില്‍ എത്തിച്ചായിരുന്നു തുടക്കം.കിടപ്പറ രംഗങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കും. അതുപയോഗിച്ചായിരുന്നു ശ്വേതയുടെ ബ്ലാക്ക് മെയിലിംഗ്.
കോടികള്‍ പണമായിട്ടോ അല്ലെങ്കില്‍ സുപ്രധാനമായ സര്‍ക്കാര്‍ രേഖയോ കരാറോ ഇതായിരുന്നു ശ്വേതയുടെ ആവശ്യം.ആഡംബര ക്ലബിലെ അംഗങ്ങളായ മന്ത്രിമാരും, ഉദ്യോഗസ്ഥരും ബുക്ക് ചെയ്യുന്ന മുറികളിലേക്കാണ് ആദ്യകാലത്ത് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്
പെണ്‍വാണിഭ സംഘം തന്നെ ബ്ലാക്മെയില്‍ ചെയ്ത് 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പരാതിയിലായിരുന്നു ഹണി ട്രാപ്പ് കേസിന് തുടക്കമിട്ടത്.പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പെണ്‍വാണിഭത്തിന്റെ കുരുക്കഴിയുകയായിരുന്നു.
എന്‍ജിനീയറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയെ കാണിച്ചായിരുന്നു ഹര്‍ഭജനെ കുടുക്കിയത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ശ്വേതയുടെ സഹായി ആരതി ദയാല്‍ പകര്‍ത്തുകയും ചെയ്തു. എട്ടു മാസത്തോളം വിഡിയോയുടെ പേരില്‍ ഹര്‍ഭജന് പണം നല്‍കേണ്ടി വന്നു. ഒടുവില്‍ മൂന്നു കോടി ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.