CrimeNationalNews

ആഗ്രയിൽ ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗംചെയ്തു; മർദനത്തിന്റെ വീഡിയോദൃശ്യം പുറത്ത്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ബസായി പോലീസാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ഒരു ആഡംബര ഹോംസ്‌റ്റേയിലെ ജീവനക്കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.

ശനിയാഴ്ച രാത്രി യുവതിയില്‍നിന്ന് ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റുള്ളവരും ചേര്‍ന്ന് മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ എല്ലാവരും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. മദ്യക്കുപ്പി തലയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

സഹായം തേടി യുവതി നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. യുവതിയുടെ നേരത്തെയുള്ള അശ്ലീലവീഡിയോ കാണിച്ച് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും മറ്റൊരു വീഡിയോയിലുണ്ട്. തനിക്ക് നാല് പെണ്‍മക്കളാണെന്നും തന്നെ ഉപദ്രവിക്കരുതെന്നും യുവതി അഭ്യര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാല്‍സംഗം, മര്‍ദനം, മറ്റ് അനുബന്ധവകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതിജീവിതയെ വൈദ്യപരിശോധനയ്ക്കയച്ചു. ഹോംസ്‌റ്റേ പോലീസ് അടച്ചുപൂട്ടി.

ആക്രമണത്തിനിരയായ യുവതിയ്ക്ക് 25 വയസ് പ്രായമുണ്ടെന്ന് ബസായി പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള മോഹിത് ശര്‍മ എന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button