ചെന്നൈ:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്പോഴും വൈദ്യുതി തടസ്സം നേരിടകയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴ വേളാച്ചേരി, താംബരം തുടങ്ങിയ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. മുടിച്ചൂരിലെ സന്നദ്ധപ്രവര്‍ത്തകര്‍ വ്യാഴാഴ്ച മുട്ടോളം വെള്ളത്തിലൂടെ സഞ്ചരിച്ചാണ് ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിതരണം ചെയ്തത്. അതേസമയം ചെന്നൈയിലെ വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാലും തൈരും ഉള്‍പ്പടെയുള്ള ആവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രളയക്കെടുതിയില്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസമായി തമിഴ്നാടിന് രണ്ടാം ഗഡുവായ 450 കോടി അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിന്റെ ആഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തു.
തുടര്‍ച്ചായി പെയ്ത ഈ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വീടുകളിലേക്ക് വെള്ളം കയറി, തെരുവുകള്‍ നദികളായി, മരങ്ങളും വൈദ്യുത തൂണുകളും തകര്‍ന്നു, വാഹനങ്ങള്‍ ഒഴുകിപ്പോകുകയും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിലെ പല പ്രദേശങ്ങളിലും സര്‍ക്കാര്‍ നടത്തുന്ന ആവിന്‍ ബൂത്തുകളില്‍ പാലിന് ക്ഷാമം നേരിടുന്നതായി താമസക്കാര്‍ അറിയിച്ചു. പാല് വിതരണം വൈകുന്നതിനാല്‍ പ്രത്യേകിച്ച് വേളാച്ചേരി, താംബരം എന്നിവിടങ്ങളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടിട്ടുണ്ട്.
ബുധനാഴ്ചയോടെ, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ കുട്ടികളുമായി കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ സുരക്ഷിത മേഖലകളില്‍ എത്തിച്ചേര്‍ന്നു. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ബോട്ടുകള്‍ ആവശ്യപ്പെട്ട് നിരവധിയാളുകളാണ് സഹായത്തിനായി ഹെല്പ് ലൈനിലേക്ക് വിളിച്ചത്.