ജിയോ ബേബിയ്ക്ക് ഐക്യദാര്‍ഢ്യം, ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു: ആര്‍.ബിന്ദു

കൊച്ചി: ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന്‍ ജിയോ ബേബിയെ അപമാനിച്ച സംഭവത്തില്‍ കോളേജിന്റെ നടപടിയെ അപലപിച്ച് മന്ത്രി ആര്‍. ബിന്ദു. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ആര്‍.ബിന്ദു ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോളേജിന്‍റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജിയോ ബേബി രംഗത്ത് വന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. എന്തുകൊണ്ട് തന്നെ പരിപാടി റദ്ദാക്കിയെന്നതിനുള്ള ഉത്തരം തനിക്ക് കിട്ടണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മന്ത്രി ആര്‍.ബിന്ദുവിന്റെ കുറിപ്പ്

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടെത്.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു.ഇപ്പോള്‍ ”കാതല്‍” എന്ന സിനിമ ഈ സമൂഹത്തില്‍ ഒരു വിഭാഗം മനുഷ്യര്‍- സ്വവര്‍ഗ്ഗലൈംഗികആഭിമുഖ്യമുള്ളവര്‍ അനുഭവിക്കുന്ന ആന്തരികസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവരും മനുഷ്യര്‍ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂര്‍ണ്ണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.

സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.പക്ഷേ, പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News