തമിഴ്‌നാട്ടിലും എച്ച്.എം.പി വൈറസ് ബാധ; രണ്ട് കുട്ടികളിൽ രോ​ഗബാധ സ്ഥിരീകരിച്ചു, രാജ്യത്ത് മൊത്തം അഞ്ച് കേസുകൾ

ചെന്നൈ: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ചെന്നൈയിലും രണ്ടുപേർക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികൾക്കാണ് രോ​ഗം കണ്ടെത്തിയത്. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയിൽ ഈ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികളിലാണ് ഇപ്പോൾ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.

കര്‍ണാടകയില്‍ രണ്ടുപേരില്‍ എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News