അൻവറിനെ വിടില്ല! അടുത്ത അനുയായ മുന്‍ സി.പി.എം നേതാവ്‌ ഇ.എ. സുകു കസ്റ്റഡിയിൽ

നിലമ്പൂര്‍: നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിന് ശ്രമം. പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ്‌ മറ്റൊരു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) നേതാവായ ഇ.എ. സുകുവിനെ കസ്റ്റിഡിയില്‍ എടുത്തത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്.

വഴിക്കടവ് പഞ്ചായത്ത് മുന്‍പ്രസിഡന്റാണ് സുകു. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. പി.വി. അന്‍വര്‍ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എം.എല്‍.എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെപേരില്‍ എം.എല്‍.എ.യെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു.

രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തവനൂര്‍ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അന്‍വറിന് നിലമ്പൂര്‍ കോടതി ജാമ്യം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News