കൊച്ചി:റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് നായികയായി മാറിയ താരമാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻ്സി പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന് വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ വിൻസി കൂടുതൽ ജനശ്രദ്ധ നേടുകയായിരുന്നു.
കുറച്ച് സിനിമകളിൽ മാത്രമേ എത്തിയുട്ടുള്ളൂവെങ്കിലും ആ സിനിമകളിലൂടെ തന്നെ വിൻസി തന്റേതായ സ്ഥാനം കണ്ടെത്തി. ബോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ച വിൻസിയുടെ ഏറ്റവും പുതിയ ചിത്രം ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകളാ’ണ്. ചിത്രത്തിൽ ജോജു ജോർജും നായിക നായകൻ റിയാലിറ്റി ഷോയിൽ വിൻസിയുടെ സഹമത്സരാർത്ഥികളായിരുന്ന ദർശന, ശംഭു, ആഡീസ് അക്കരെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ താരം തന്റെ ബ്രേക്കപ്പ് സ്റ്റോറിയെക്കുറിച്ചും പറഞ്ഞു.
‘എറണാകുളത്ത് കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു എനിക്കൊരു പ്രണയം ഉണ്ടായിരുന്നത്. നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ വീട്ടുകാർ അറിഞ്ഞു. ഞങ്ങൾ വ്യത്യസ്ത മതത്തിൽപ്പെട്ടവരും ആയിരുന്നു. വീട്ടുകാർ പിടിച്ചത് കൊണ്ട് മാത്രമല്ല, ആ സമയത്ത് എന്റെ ഒരു ഉറ്റ സുഹൃത്തും മരിച്ചു. അതിന്റെ ഡിപ്രഷനിലും ആയിരുന്നു ആ സമയത്ത്. അതും ഒരു കാരണമാകാം ആ പ്രണയം ഞാൻ തന്നെ ബ്രേക്കപ്പ് ആക്കാൻ തീരുമാനിക്കുകയായിരുന്നു’.
പ്ലസ് ടുവിന് പഠിയ്ക്കുമ്പോൾ മുതലുള്ള സുഹൃത്തായിരുന്നു അവൻ. കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടർന്നു. പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തും ഞാൻ അവനോട് തുറന്ന് സംസാരിക്കുമായിരുന്നു. തിരിച്ച് അവനും. ഒരു ഓണത്തിന്റെ സമയത്ത് അവരുടെ കോളേജിൽ വടം വലി മത്സരത്തിന് അവനും പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് എന്റെ വേറെ ഒരു സുഹൃത്ത് വിളിച്ച് അവൻ്റെ മരണ വിവരം പറയുന്നത്.
‘എന്താണ് സംഭവം എന്നന്വേഷിച്ചപ്പോൾ മാനേജ്‌മെന്റും വിദ്യാർത്ഥികളും തമ്മിൽ ഒരു പ്രശ്‌നം ഉണ്ടാവുകയും മാനേജ്‌മെന്റ് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ സ്റ്റുഡന്റ്‌സ് എല്ലാം പരക്കെ ഓടി. കുറേ നേരം കഴിഞ്ഞപ്പോൾ എല്ലാവരും തിരികെ വന്നു, ഇവനെ മാത്രം കണ്ടില്ല. നേരം രാത്രിയായിട്ടും അവൻ എത്തിയില്ല’.
‘അച്ഛനമ്മമാരും സ്റ്റുഡന്റ്‌സും എല്ലാം അവനെ അന്വേഷിച്ചു. പൊലീസിൽ പോയി പറഞ്ഞപ്പോൾ, അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞ് അവർ കൈയ്യൊഴിയുകയും ചെയ്തു. പിന്നീട് വിദ്യാർത്ഥികൾ തന്നെ മുൻകൈ എടുത്ത് അവൻ പോയ വഴിയെ അന്വേഷിച്ചു. കുറേ ദൂരം ചെന്നപ്പോൾ അവന്റെ ചെരുപ്പ് കണ്ടു, തൊട്ടപ്പുറത്തെ ഒരു പൊട്ട കിണറ്റിൽ വെറുതേ എത്തി നോക്കിയപ്പോഴാണ് അവൻ്റെ ബോഡി കണ്ടെത്തിയത്’.
‘അവന്റെ മരണം എനിക്ക് ഭയങ്കര ഷോക്കായിരുന്നു. ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു ഞാൻ. അക്കാരണം കൊണ്ടാണ് എന്റെ പ്രണയം ബ്രേക്കപ്പ് ചെയ്യാൻ ഞാൻ തന്നെ മുൻകൈ എടുത്തത്. എല്ലാം തുറന്ന് പറയുന്ന ഒരു പ്രിയ സുഹൃത്ത് മരിച്ചു പോയാൽ ബാക്കിയുള്ളത് എല്ലാം അവ്യക്തമാണ് എന്ന ഒരു ഫീൽ ആയിരുന്നു അപ്പോൾ എനിക്ക്’.
‘ആ ബ്രേക്കപ്പിന്റെ പേരിൽ കോളേജ് മുഴുവനും എന്നെ ഒറ്റപ്പെടുത്തി. ഞാൻ തേപ്പുകാരി എന്ന് അറിയപ്പെട്ടു. രണ്ട് രണ്ടര വർഷം അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. വളരെ പാടായിരുന്നു അതിൽ നിന്ന് ഒന്ന് കരകയറാൻ’, വിൻസി പറഞ്ഞു.