സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 26ന് 36,720 രൂപ വരെ വര്‍ധിച്ച് സ്വര്‍ണവില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന സ്വര്‍ണവില 35920 രൂപ വരെ താഴ്ന്ന ശേഷമാണ് ഇന്ന് മുന്നേറിയത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ജനുവരിയില്‍ പവന് 440 രൂപയാണ് കുറഞ്ഞത്. ജനുവരിയുടെ തുടക്കം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില.

യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. അതേസമയം ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുമുണ്ട്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്ക് അനുസരിച്ചാകും ആഭ്യന്തര വിപണിയിലും വില വര്‍ധന.

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News