പാറ്റന: കർണാടകയിൽ ഹിജാബ് (Hijab) ധരിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ബിഹാറിലെ (Bihar) പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്തുന്നതിൽ നിന്ന് വിലക്കി. ഫെബ്രുവരി 10 ന് ബെഗുസരായിലെ ബച്ച്‌വാരയിലുള്ള യുകോ ബാങ്കിന്റെ മൻസൂർ ചൗക്ക് ശാഖയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുഹമ്മദ് മാതിന്റെ മകൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശാഖയിൽ പോയപ്പോൾ സേവനം നിഷേധിച്ചതായാണ് ആരോപണം ഉയർന്നത്.
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ദിവസങ്ങൾക്ക് ശേഷം സംഭവം പുറത്തറിയുന്നത്. അതേസമയം പ്രശ്നം പരിഹരിച്ചുവെന്നും യുവതിക്ക് സേവനം ലഭ്യമാക്കിയെന്നും ബ്രാഞ്ച് മാനേജർ റിതേഷ് കുമാർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധി തീർന്നുവെന്നും ബാങ്കുമായി നിലവിൽ പ്രശ്നങ്ങളില്ലെന്നും മുഹമ്മദ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ബാങ്ക് പൗരന്മാരുടെ മതവികാരങ്ങളെ മാനിക്കുന്നുവെന്ന് യുകോ ബാങ്ക് ട്വീറ്റ് ചെയ്തു. കൂടാതെ ജാതി, മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നില്ല. ഈ വിഷയത്തിൽ ബാങ്ക് വസ്തുതകൾ പരിശോധിക്കുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കൽ തുടരുകയാണ്.
ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു. എന്നിരുന്നാലും, സ്ഥാപനപരമായ അച്ചടക്കത്തിന് വിധേയമായി ന്യായമായ ചില നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന് മുമ്പാകെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായതായിരുന്നു നവദ്ഗി.
ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ പരിധിയിൽ പെടില്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഭരണഘടനയുടെ 19(1)(എ) വിഭാഗത്തിലാണ് ഈ അവകാശം വരുന്നതെന്നും നവദ്ഗി വാദിച്ചു.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് 25ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നത്. 19(1)(എ) ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കർണാടക ഹൈക്കോടതി. ഹിജാബുമായി ബന്ധപ്പെട്ട കേസ് ഈ ആഴ്ച തന്നെ തീർപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണം തേടണമെന്നും ഹൈക്കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
പൊതുജീവിതത്തിൽ ഹിജാബ് പൂർണ്ണമായി നിരോധിച്ചിരിക്കുന്ന ഫ്രാൻസിന്റെ ഉദാഹരണം ഉദ്ധരിച്ച്, ആ രാജ്യത്ത് ഇസ്ലാമിക മതം ഇല്ലെന്ന് ഹിജാബ് നിരോധനം അർത്ഥമാക്കുന്നില്ലെന്ന് എജി വാദിച്ചു. “ഹിജാബ് അത്യാവശ്യമാണോ എന്ന് പരിശോധിക്കാൻ ഞാൻ ഫ്രാൻസിനെ ഉദ്ധരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്നും എന്നാൽ എല്ലാ സ്ഥാപനങ്ങൾക്കും ആഭ്യന്തര നിയന്ത്രണവും അച്ചടക്കവും ഉണ്ടെന്നും എജി തറപ്പിച്ചു പറഞ്ഞു.