NationalNews

ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍; ശബരിമല, മുത്തലാഖ് വിധികൾ ഉദ്ധരിച്ച് പ്രതിരോധം

ബെംഗളൂരു: ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ (HIjab Ban). ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ (Karnataka Government) ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് കോളേജ് അധ്യാപിക രാജിവച്ചു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളുകളില്‍ തടഞ്ഞതോടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഹിജാബ് നിരോധനം റദ്ദാക്കണമെന്നും മന്ത്രി ഈശ്വരപ്പ രാജിവയ്ക്കണമെന്നുംആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസ് അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്.

തുംക്കുരു പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് രാജിവച്ചത്. ഹിജാബ് ധരിച്ചെത്തിയ അധ്യാപകിയെ കഴിഞ്ഞ ദിവസം കോളേജിന് മുന്നില്‍ തടഞ്ഞിരുന്നു. ജോലിയിൽ പ്രവേശിച്ചത് മുതൽ ഹിജാബ് ധരിച്ചാണ് പഠിപ്പിക്കുന്നതെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും ചാന്ദിനിയുടെ രാജിക്കത്തില്‍ പറയുന്നു.

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ ഇന്നും വിവിധയിടങ്ങളിൽ തടഞ്ഞു. മുസ്ലീംവിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ കൂട്ടത്തോടെ ക്ലാസുകള്‍ ബഹിഷ്കരിച്ചു. വിജയപുര സർക്കാർ കോളേജിന് മുന്നിൽ കുങ്കുമ കുറി തൊട്ടെത്തിയ വിദ്യാർത്ഥികളെയും തടഞ്ഞു.

പലയിടങ്ങളിലും പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം രണ്ട് ദിവസം പിന്നിട്ടു. രാത്രിയും സഭയില്‍ തങ്ങിയാണ് സമരം. ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയ്ക്കെതിരെ ദേശീയപതാകയുമായാണ് കോണ്‍ഗ്രസ് പ്രതിഷേധം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button