ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയിൽ വിഭിന്ന വിധി വന്നതോടെയാണ് നിരോധനം തുടരാൻ സർക്കാർ തീരുമാനിച്ചത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധി അനുസരിച്ച് കോളജിലും സ്കൂളിലും ഹിജാബ് ഉപയോഗിക്കാൻ സാധിക്കില്ല. വിദ്യാർഥികൾ സർക്കാർ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കണം. സുപ്രീം കോടതിയിലെ ഉയർന്ന ബെഞ്ചിന് മുൻപിൽ കേസ് എത്തുന്നത് പ്രതീക്ഷ നൽകുന്നു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ യാതൊരു ആചാരങ്ങളും അനുവദിക്കില്ല.
ലോകത്തിന്റെ പല ഭാഗത്തും ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനെതിരെ സ്ത്രീകൾ പ്രക്ഷോഭം നടത്തുകയാണ്. അതിനാൽ കർണാടകയിലും നിരോധനം തുടരും. ഒരു വിദ്യാർഥിക്കും ഹിജാബ് ധരിച്ച് ക്ലാസ് റൂമിൽ ഇരിക്കാൻ സാധിക്കില്ലെന്നും പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.
ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോൾ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞത്. ഇതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തും.
വിശാല ബെഞ്ചിനു വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഇതോടെയാണ് കേസിൽ അന്തിമ വിധി വരുന്നതുവരെ നിരോധനം തുടരാൻ കർണാടക തീരുമാനിച്ചത്.