കൊച്ചി:ഉന്നതവിദ്യഭ്യാസ മേഖലയിൽ അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും നിർദേശിക്കുന്ന പദ്ധതിക്ക് യു.ജി.സി. തുടക്കംകുറിച്ചു. ബ്ലെൻഡഡ് ലേണിങ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച് ഉപസമിതിയുടെ കുറിപ്പ് അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചു.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി.) എന്ന സംവിധാനമാണ് ഇതിൽ പ്രധാനം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് അധ്യാപകരെയും പഠനസമയവും സ്വയം നിശ്ചയിക്കാനും ഇഷ്ടത്തിനും താത്‌പര്യത്തിനും അനുയോജ്യമായ പഠനരീതികളും പരീക്ഷാസമ്പ്രദായവും ഇതിൽ സ്വീകരിക്കാം. പരീക്ഷകളുടെ കാര്യത്തിലും വിപ്ലവകരമായ നിർദേശങ്ങളാണുള്ളത്. ഓപ്പൺ ബുക്ക്, ഗ്രൂപ്പ് പരീക്ഷ, വിലയിരുത്തൽ എന്നിവയാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രോജക്ടുകൾക്കും വാചാപ്പരീക്ഷയും നിർബന്ധമാണ്.
എ.ബി.സി. സവിശേഷതകൾ
* പരസ്പരബന്ധമുള്ളതോ അല്ലാത്തതോ ആയ വിഷയങ്ങളുടെ തിരഞ്ഞെടുപ്പിന് അവസരം
* റഗുലർ, വിദൂര, ഓൺലൈൻ, വെർച്വൽ രീതികളുടെ സാധ്യത
* ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ അവസരം
* ക്രെഡിറ്റുകളെ ബിരുദമായോ ഡിപ്ലോമയായോ മാറ്റാം
* പഠനം എപ്പോൾ നിർത്താനും തുടങ്ങാനും സൗകര്യം.
* വിവിധ വിഷയങ്ങളുടെ സമ്മിശ്ര പഠനസാധ്യത (ബാച്ചിലർ ഓഫ് ലിബറൽ എജ്യുക്കേഷൻ)
അടിസ്ഥാന സൗകര്യം
പദ്ധതിക്ക് ലേണിങ് മാനേജിങ് സിസ്റ്റം എന്ന ക്ലൗഡ് പ്ലാറ്റ് ഫോം നിർബന്ധമാണ്. ഇതിലാണ് അധ്യാപകർ പഠന സാമഗ്രികൾ പങ്കുവെക്കേണ്ടത്. ഓൺലൈൻ ചർച്ചകൾ, പ്രശ്നോത്തരികൾ, സർവേകൾ തുടങ്ങിയവ നടത്താനും സൗകര്യം.
മറ്റു സംവിധാനങ്ങൾ
* ഇ.ആർ.പി. സംവിധാനം. വിദ്യാർഥി പ്രവേശിക്കുന്നതു മുതൽ ജോലികിട്ടുന്നതുവരെയുള്ള വിവരങ്ങൾ നിർബന്ധമാക്കൽ.
* സുസജ്ജമായ കംപ്യൂട്ടർ ലാബുകൾ.
* സ്മാർട്ട് ക്ലാസ് റൂമുകൾ.
* പ്രീ-പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകൾ
* അഞ്ചുമുതൽ 10 വരെ ജി.ബി.പി.എസ്. വേഗമുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി.
നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ ജൂൺ ആറിനകം സമർപ്പിക്കണം. വിലാസം- [email protected]