KeralaNews

ആരോഗ്യമന്ത്രിയുടെ ആദ്യദിനം; യോഗങ്ങൾ,പരാതി തീർപ്പാക്കൽ തിരക്കിലമർന്ന് വീണ

തിരുവനന്തപുരം:ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യദിവസം യോഗങ്ങളുടെ തിരക്കിലായിരുന്നു വീണാ ജോർജ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി. ചർച്ചകൾക്കിടയിൽ എംഎൽഎമാരുടെ പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെട്ടു. ഇതിനിടയില്‍ സാധാരണക്കാരുടെ വിളികളും ഫോണിലെത്തി.

തിരക്കുകളെല്ലാം കഴിഞ്ഞു പത്തനംതിട്ടയിലേക്കു തിരിക്കുമ്പോൾ സമയം രാത്രി 7.30 കഴിഞ്ഞു. ആരോഗ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സ്വന്തം ജില്ലയിലേക്കുള്ള ആദ്യയാത്ര. രാവിലെ 9.30ന് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ മന്ത്രി, ആരോഗ്യ സെക്രട്ടറിയുമായും വകുപ്പ് സെക്രട്ടറിമാരുമായും ചർച്ച നടത്തി. ആരോഗ്യം, സമൂഹ്യക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കല്‍ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ –ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളാണ് വീണ കൈകാര്യം ചെയ്യുന്നത്.

ഓരോ വകുപ്പിലെയും വിവരങ്ങളും പ്രശ്നങ്ങളും അത്യാവശ്യമായി നടപടിയെടുക്കേണ്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു. ആരോഗ്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ കോവിഡ് സാഹചര്യം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സാഹചര്യവും ആശുപത്രി കിടക്കകളുടെ എണ്ണവും മരുന്നുകളുടെ സ്റ്റോക്കുമെല്ലാം ചർച്ചയായി. വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ വകുപ്പിലെ പ്രവർത്തനങ്ങൾ വിവരിച്ചു. ഇതിനിടെ നിരവധി ആവശ്യങ്ങളുമായി എംഎൽഎമാരുടെ വിളികളെത്തി. എംഎൽഎ ഷംസീറാണ് ആദ്യം വിളിച്ചത്. പിന്നീട് വൈക്കം എംഎൽഎ ആശ വിളിച്ചു. ഇതെല്ലാം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഉച്ചയ്ക്ക് അര മണിക്കൂർ ഇടവേള എടുത്തശേഷം 3.30ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്ത് വകുപ്പിന്റെ പ്രസന്റേഷൻ നടത്തി.

യോഗത്തിനുശേഷം പത്തനംതിട്ടയിലെ അടൂരിൽനിന്നുള്ള പരാതി കേട്ട് നടപടിക്കു നിർദേശം നൽകി. നിരവധി വ്യക്തിപരമായ പരാതികൾ തീർപ്പാക്കാൻ നടപടിയെടുത്തശേഷം വകുപ്പ് തലവൻമാരുടെ യോഗത്തിൽ പങ്കെടുത്തു. അലോപ്പതി വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. ശേഷം രാത്രിയോടെ പത്തനംതിട്ടയിലേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker