കൊച്ചി: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അമ്മ അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. കീഴ്‌കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ വന്നതെന്തിനെന്നും കോടതി ചോദിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി സ്വീകരിച്ചില്ല.
ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തള്ളുമെന്നും കോടതി പറഞ്ഞു. കേസ് നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.