കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റിന്റെ സഹായം ലഭിച്ചതായി വെളിപ്പെടുത്തൽ. സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നവീൻ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥനും ലഗേജ് വിഭാഗത്തിലെ ജീവനക്കാരനും സ്വർണക്കടത്തിനു കൂട്ടുനിന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂരിൽ സ്വർണക്കടത്തു നടന്നിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇത്ര വലിയ റാക്കറ്റിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത് അപൂർവമാണ്. കരിപ്പുർ വിമാനത്താവളത്തിലെ പല തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഈ സ്വർണക്കടത്തിൽ പങ്കാളികളായി എന്നാണു പുറത്തുവരുന്ന വിവരം. സിഐഎസ്എഫിന്റെ അസിസ്റ്റന്റ് കമാൻഡന്റിനു പുറമേ കസ്റ്റംസ് ഓഫിസർ, ലഗേജ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ തുടങ്ങിയവരുടെ പങ്കാണ് പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി എയർ ഹോണിൽ ഘടിപ്പിച്ച് സ്വർണം കടത്തുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം കടത്തിയവരെയും വിമാനത്താവളത്തിൽനിന്ന് സ്വർണം കൊണ്ടുപോകാൻ എത്തിയവരെയും പിടികൂടി. ഇക്കൂട്ടത്തിൽ കൊണ്ടോട്ടി സ്വദേശിയായ ഫൈസലും പിടിയിലായിരുന്നു. ഫൈസലിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, ലഗേജ് വിഭാഗത്തിലെ ജീവനക്കാരനായ ഷറഫലിയുടെ പങ്ക് പുറത്തുവന്നത്. ഷറഫലിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാനായി ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ്, സിഐഎസ്എഫിലെ നവീൻ എന്ന അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്ക് പുറത്തായത്. സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് ഇയാളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിശദമായ പരിശോധനയിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്വർണക്കടത്തുകാരിൽനിന്ന് പിടിച്ചെടുത്തു. ഇതിൽ ഒപ്പമുള്ള ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു വരുന്ന സമയത്തായിരുന്നു സ്വർണം കടത്തിയിരുന്നതെന്നാണ് വിവരം.