CrimeKeralaNews

കുട്ടിയോട് ക്ഷമചോദിക്കണമായിരുന്നു, പക്ഷെ കാക്കിയുടെ ഈഗോ അനുവദിച്ചില്ല; പിങ്ക് പോലീസിനെതിരേ ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയുന്ന പെൺകുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്ന് കോടതി പറഞ്ഞു. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.

പോലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിനെയും കോടതി വിമർശിച്ചു. വിഷയത്തിൽ കോടതി വിശദമായ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി ഇന്ന് വിശദമായി കണ്ടു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങളാണിതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കരയുന്ന പെൺകുട്ടിയെ എന്തുകൊണ്ട് ആ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. പോലീസിന്റെ കാക്കിയുടെ ഈഗോയാണ് അത് അനുവദിക്കാതിരുന്നത്. ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും കോടതി ചോദിച്ചു.

പോലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ഈ കുട്ടിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. അടുത്തമാസം ആറിലേക്ക് കോടതി കേസ് മാറ്റി. അന്ന് സംസ്ഥാന പോലീസ് മേധാവി സംഭവം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സംഭവത്തിന് ശേഷം പെൺകുട്ടി ചികിത്സ തേടിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ ഹർജിക്കാരിയുടെ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button