എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഈ സമ്മേളനകാലത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിലെ സഭയിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടിയെടുത്തത്.

പെഗാസസ് വിവാദം, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്‌ക്കെതിരേയായിരുന്നു എംപിമാരുടെ പ്രതിഷേധം. എളമരം കരിം, ബിനോയ് വിശ്വം, ഫുലോ ദേവി നേതം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടീല്‍, ഡോല സെന്‍, ശാന്ത ഛേത്രി, സയിദ് നാസിര്‍ ഹുസൈന്‍, പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

എം.പിമാരുടെ പെരുമാറ്റത്തില്‍ സഭാ ശക്തമായി അപലപിക്കുന്നു. സഭാ നിയമങ്ങളുടെ പൂര്‍ണമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ മനഃപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു. ‘സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള മനഃപൂര്‍വമായ ആക്രമണം സഭയുടെ അന്തസ്സ് കുറയ്ക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാരണങ്ങളാല്‍, രാജ്യസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 256 പ്രകാരം അംഗങ്ങളെ 255-ാമത് സെഷന്റെ ശേഷിക്കുന്ന സമയത്തേക്ക് സഭയുടെ സേവനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു’ നോട്ടീസില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News