കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
അതേസമയം ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികർ വാദിച്ചത്.
ഇതിനിടെ, വിഴിഞ്ഞത്ത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5,500 രൂപ വീട്ടുവാടക നൽകാൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മിക്കും. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്‍റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങൾക്ക് വാടക വീട്ടിലേക്ക് മാറാൻ പ്രതിമാസം 5,500 രൂപ സര്‍ക്കാര്‍ നൽകും. മുട്ടത്തറയിൽ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയിൽ സമയബന്ധിതമായി ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.