യാക്കോബായ വിഭാഗത്തിന് തിരിച്ചടി,നിയന്ത്രണത്തിലുള്ള ആറ് പള്ളികൾ കൂടി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വിധി രണ്ടുമാസത്തിനകം നടപ്പാക്കണമെന്നും പോലീസ് സംരക്ഷണയില്‍ പള്ളികള്‍ കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൈമാറാന്‍ ഉത്തരവിട്ട പള്ളികളിലെ ഭൂരിഭാഗം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണെന്നും വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളികളെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്.

രണ്ടുമാസത്തിനകം ഈ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്ന ചില നടപടികള്‍ പ്രശ്‌നപരിഹാരത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാക്കോബായ മെത്രാപ്പോലിത്തന്‍ ട്രസ്റ്റി അറിയിച്ചു.

കൈമാറാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ള ഈ ആറ് പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ നാമമാത്രമാണെന്നും അതിനാല്‍ത്തന്നെ ഇത് നീതിനിഷേധമാണെന്നും യാക്കോബായ സഭ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News