കൊച്ചി∙ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. എക്സൈസ് പിടിച്ചെടുത്തതു ലഹരിവസ്തുവല്ലെന്നാണു കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ഷീല സണ്ണി നൽകിയ ഹർജിയിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.
ബ്യൂട്ടി പാർലർ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ചത്. എന്നാൽ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കഥ മാറിയത്. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുൻപാണ് കോപ്പി കൈവശം കിട്ടിയത്.
ബാഗിൽനിന്നു 12 എൽഎസ്‌ഡി സ്റ്റാംപുകൾ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 27നാണ് എക്സൈസ് ഷീലയെ ബ്യൂട്ടി പാർലറിൽനിന്ന് അറസ്റ്റ് ചെയ്തത്. എന്നാൽ എക്സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് ‘എൽഎസ്‌ഡി ടെസ്റ്റ് നെഗറ്റീവ്’ എന്ന റിപ്പോർട്ടോടെ കാക്കനാട് ലാബിൽനിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ 3 ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.
മേയ് 12നു ലാബിൽ നിന്നു റിപ്പോർട്ട് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫിസർക്കും സർക്കിൾ ഓഫിസർക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫിസുകളിലും ലഭിച്ചതുമാണ്. എന്നാൽ, ഈ വിവരം ഷീലയെ അറിയിക്കാൻ എക്സൈസ് തയാറായില്ല. ഷീല സണ്ണി ഇതിനകം ജയിൽവാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങിയിരുന്നു.
ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലര് തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നു.