KeralaNews

മരണപ്പാച്ചില്‍; യുവാവ് ആറുമാസം വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ യുവാവ് ആറുമാസം വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി. ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശിയായ അന്‍ഷിഫ് അഷറഫിനെയാണ് ജസ്റ്റിസ് പി ഗോപിനാഥ് വാഹനം ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ നിബന്ധന കോടതി മുന്നോട്ടുവെച്ചത്.

ജനുവരി ഒന്നിന് അന്‍ഷിഫ് അഷറഫ് അശ്രദ്ധമായി അതിവേഗത്തില്‍ ഓടിച്ച ബൈക്ക് ചാവക്കാട്ടുവെച്ച് സ്‌കൂട്ടറില്‍ ഇടിച്ച് രാജന്‍ എന്നയാള്‍ മരിച്ചിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റുചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കാനും കോടതി ഉത്തരവിട്ടു.

പ്രതി 20 വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ഥിയാണെന്നതും കേസില്‍ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നതും കണക്കിലെടുത്താണ് ഉത്തരവ്. ഡ്രൈവിങ് ലൈസന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കണം. ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button