KeralaNews

മനുവിൻ്റെ മൃതദേഹം കുടുംബത്തിനു നൽകണമെന്ന് കോടതി; പങ്കാളിക്ക് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാം

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ഗേ വ്യക്തിയായ മനുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. മനുവിന്റെ പങ്കാളിയായ ജെബിന് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി.

മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്ന് ജെബിന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും മനുവിന്റെ ബന്ധുക്കളുമായി സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്ന് മനുവിന്റെ സ​ഹോദരനുമായി നടത്തിയ ചർച്ചയിൽ മനുവിന്റെ കണ്ണൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുന്നതിന് അനുവാ​ദം നൽകുകയായിരുന്നു. അക്കാര്യം കോടതിയെ അറിയിക്കുകയും കോടതി അനുമതി നൽകുകയും ചെയ്തു. മനുവിന്റെ മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസിലല്ലാതെ മറ്റൊരു വാ​ഹനത്തിൽ മൃതദേഹത്തെ അനു​ഗമിക്കാമെന്നാണ് വീട്ടുകാർ അനുവാദം നൽകിയത്. പോസ്റ്റ് മോർട്ടം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മനുവിന്റെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. നാളെ രാവിലെയാണ് സംസ്കാരം.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളമശ്ശേരിയിലെ ഫ്ളാറ്റിന്റെ മുകളില്‍നിന്ന് വീണ് മനു(34)വിന് പരിക്കേറ്റത്. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ നാലാം തീയതി മനു മരിച്ചു. അപകടത്തില്‍പ്പെട്ട വിവരമടക്കം മനുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിയിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്. പിന്നീട് മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.

ചികിത്സക്കായി ചെലവായ ഒന്നര ലക്ഷം രൂപ കെട്ടിവെക്കാനില്ലാത്തതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ സുഹൃത്തുക്കള്‍ പണം കെട്ടിവെക്കാമെന്ന് അറിയിച്ചു. പക്ഷേ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ബന്ധുക്കള്‍ മടങ്ങുകയായിരുന്നു. ഇതോടെ മനുവിന്റെ പങ്കാളിയായ ജെബിന്‍ മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും രക്തബന്ധമല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടു നല്‍കിയില്ല. ഇതോടെയാണ് തന്റെ ജീവിതപങ്കാളിയുടെ മൃതദേഹം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷമായി കളമശ്ശേരിയിലെ ഫ്ളാറ്റില്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു ജെബിനും മനുവും. ഒരു വര്‍ഷം മുന്‍പ് ഇരുവരും അമ്പലത്തില്‍വെച്ച് വിവാഹിതരുമായി. കേരളത്തില്‍ വിവാഹിതരാകുന്ന മൂന്നാമത്തെ ഗേ കപ്പിളാണ് മനുവും ജെബിനും. ഗേ വിവാഹം നിയമപരമല്ലാത്തതിനാല്‍ അനന്തരാവകാശിയായി ജെബിനെ കണക്കാക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയാണ് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കാതിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button