കൊച്ചി: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കുട്ടികളെ ബോധവത്‌കരിക്കാൻ നിയമ വ്യവസ്ഥകൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന് പോക്സോ കേസ് പ്രതിയുടെ ജാമ്യഹർജി പരിഗണിക്കെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമക്കേസുകളിലെ പ്രതികളേറെയും വിദ്യാർത്ഥികളും ചെറുപ്രായക്കാരുമാണെന്നും നിരീക്ഷിച്ചു.
തുടർന്ന് പോക്സോ നിയമ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 376ലെ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ നിർദ്ദേശം നൽകാൻ വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും ലീഗൽ സർവീസ് അതോറിറ്റിയെയും ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. ഹർജി ആഗസ്റ്റ് 31നു വീണ്ടും പരിഗണിക്കും.
ശാരീരിക മാറ്റങ്ങളെത്തുടർന്നുള്ള ലൈംഗികാകർഷണം സ്വാഭാവികമാണെന്ന് മനഃശാസ്ത്രജ്ഞർ പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങൾ നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളിൽ ഉൾപ്പെട്ടു പോകുന്ന ചെറുപ്രായക്കാരുണ്ട്. ഇത് ഒഴിവാക്കാനാണ് പാഠ്യപദ്ധതിയിൽ നിയമ വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടതെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.