കൊച്ചി: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ചെലവ് 135രൂപ മുതല്‍ 245രൂപ വരെ ആകുമെന്നും കോടതി വിശദീകരിച്ചു.
നേരത്തെ ആര്‍ടിപിസിആര്‍ നിരക്ക് കേരളത്തില്‍ 1700 രൂപയായിരുന്നു. വിപണിയില്‍ ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകള്‍ക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്സിഡി ലഭ്യമാക്കുകയോ വേണമെന്ന് ലാബ് ഉടമകള്‍ ആവശ്യപ്പെട്ടത്.