ലുലു മാളിനെതിരായ കയ്യേറ്റ ആരോപണം, നിർണ്ണായക വിധി പ്രഖ്യാപിച്ച് ഹൈക്കോടതി

തിരുവനന്തപുരം:പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ നിര്‍മ്മിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ എം.കെ.സലിം നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് റിട്ട് ഹർജി തള്ളിയത്. പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതായും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹൈക്കോടതി തള്ളിയത്.

സിആര്‍സെഡ് ചട്ടങ്ങളോ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. റിട്ട് പെറ്റീഷൻ നിലനിൽക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങൾക്ക് ആവർത്തിച്ച് അഭിമുഖങ്ങൾ നൽകിക്കൊണ്ട് ഹരജിക്കാരൻ നീതി നിർവഹണത്തിൽ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിട്ടുണ്ട്. ഈ റിട്ട് ഹർജി നിയമപരമായ പരിഹാരങ്ങൾ നോക്കാത്തതിന്റെ പേരിൽ മാത്രം പിരിച്ചുവിടാൻ യോഗ്യമാണെങ്കിലും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിട്ട് പരിഗണിച്ചതെന്നു ഹൈക്കോടതി വ്യക്തമാക്കി.

ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ്‌ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെമ്പര്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലുലു മാളിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്.

1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗൺഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികൾക്കായി പാരിസ്ഥിതിക അനുമതി നൽകാൻ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷം കെട്ടിട അനുമതി നൽകിയതെന്ന് തിരുവനന്തപുരം കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിട്ട് ഞങ്ങള്‍ തള്ളുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News